ഡെന്നിസ് ഹ്വാങ്-ഡൂഡിലുകളുടെ രാജകുമാരന്‍
Posted on: 16 Aug 2010
-എം.ബഷീര്‍
ഡെന്നിസ് ഹ്വാങ് എന്ന ഗ്രാഫിക് ഡിസൈനറെപ്പറ്റി ഒരുപക്ഷെ അധികമാരും കേട്ടിട്ടുണ്ടാകില്ല. എന്നാല്‍, ഗൂഗിളിന്റെ ഹോം പേജില്‍ പ്രത്യേകാവസരങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ലോഗോകള്‍ നമ്മില്‍ മിക്കവരെയും ആകര്‍ഷിക്കുകും അത്ഭുതപ്പെടുത്തുകയും ചെയ്തിട്ടുമുണ്ട്. ഗൂഗിളിന്റെ ഇത്തരം മനോഹര ലോഗോകള്‍ക്ക് പിന്നിലെ വ്യക്തിയാണ് ഡെന്നിസ് ഹ്വാങ്. 2000 മുതല്‍ക്ക് ഗൂഗിള്‍ ഹോംപേജില്‍ പ്രത്യക്ഷപ്പെടുന്ന പ്രത്യേക ലോഗോകള്‍ രൂപകല്‍പന ചെയ്യുന്നത് 30-കാരനായ ഡെന്നിസ് ഹ്വാങ് ആണ്. ഗൂഗിളിന്റെ ഹോംപേജ് കൂടുതല്‍ രസകരമാക്കാനാണ് വിശേഷാവസരങ്ങളിലും ഓര്‍മ്മിക്കപ്പെടുന്ന ദിവസങ്ങളിലും മറ്റും ഗൂഗിളിന്റെ കോര്‍പറേറ്റ് ലോഗോയില്‍ മാറ്റം വരുത്തുന്നത്. ആഗോളതലത്തില്‍ 850 -ലധികവും അമേരിക്കയ്ക്ക് മാത്രമായി മുന്നൂറോളവും പ്രത്യേക ലോഗോകള്‍ (ഡൂഡിലുകള്‍) ഗൂഗിള്‍ ഹോം പേജില്‍ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
1999-ലാണ് ആദ്യമായി ഗൂഗിള്‍ കോര്‍പറേറ്റ് ലോഗോയില്‍ അല്‍പം മാറ്റം വരുത്തിയുള്ളൊരു ലോഗോ പരീക്ഷിച്ചത്. നെവാദയിലെ 'ബണിംഗ് മാന്‍ ഫെസ്റ്റിവലി'നാടനുബന്ധിച്ച് ഗൂഗിള്‍ ഹോംപേജില്‍ ഒരു ചെറിയ സൂചകം നല്‍കുകയുണ്ടായി. ഫെസ്റ്റിവലിനെക്കുറിച്ച് ഗുഗിള്‍ ഉപയോക്താക്കളെ നേരിട്ട് ഓര്‍മ്മിപ്പിക്കുന്നതിനായിട്ടാണ് ഗൂഗിള്‍ സാരഥികളിലൊരാളായ സെര്‍ജി ബ്രിന്‍ ഇത് പരീക്ഷിച്ചത്. പിന്നീട് ഇത്തരം ലോഗോ കമ്പനിക്ക് പുറത്തുള്ള ചിലര്‍ കരാര്‍ അടിസ്ഥാനത്തില്‍ ചെയ്ത്ു. പിന്നീടാണ് ഈ ചുമതല ഡെന്നിസ് ഹ്വാങിലേക്കെത്തുന്നത്. 2000-ല്‍ ബാസ്റ്റില്‍ ദിനത്തിനായി ലോഗോ വരച്ചു തുടങ്ങിയ ഹ്വാങ് ഇപ്പോഴും അതു തുടരുന്നു.
വാലന്റൈന്‍സ് ഡേ, ക്രിസ്തുമസ്, പുതുവര്‍ഷം, ഒളിമ്പിക്‌സ്, ഫുട്‌ബോള്‍ ലോകകപ്പ്, ക്രിക്കറ്റ് ലോകകപ്പ്, വിന്‍സന്റ് വാന്‍ഗോഗ്, ഡാവിഞ്ചി, മൈക്കലാഞ്ചലോ, പിക്കാസ്സോ, ഐന്‍സ്റ്റീന്‍ തുടങ്ങിയവരുടെ ജന്മദിനങ്ങളിലുമൊക്കെ ഇത്തരത്തില്‍ ഡെന്നിസ് ഹ്വാങ് പ്രത്യേകതരം ലോഗോകള്‍ വരയ്ക്കുന്നു.ഓരോ പ്രാവശ്യവും ഇത് പുതിയതുമായിരിക്കും. പ്രത്യേകാവസരങ്ങള്‍ക്കായി ലോഗോകള്‍ മുന്‍കൂട്ടി രൂപകല്‍പന ചെയ്യുമങ്കിലും 24 മണിക്കൂറിനുള്ളില്‍ ലോഗോ തയ്യാറാക്കേണ്ടിയും വന്നിട്ടുണ്ട്. ചൊവ്വാ ഗ്രഹത്തില്‍ റോവര്‍ ഇറങ്ങിയപ്പോള്‍ വളരെ പെട്ടന്നാണ് ലോഗോ തയ്യാറാക്കിയതെന്ന് ഡെന്നിസ് വെളിപ്പെടുത്തുന്നുണ്ട്. വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ചും ലോഗോകള്‍ തയ്യാറാക്കാറുണ്ടെന്നും ഡെന്നിസ് പറയുന്നു. ഇതിനു പുറമേ ലോഗോ രൂപകല്‍പന മത്സരങ്ങള്‍ നടത്തിയും ഗൂഗിള്‍ ഇത്തരത്തിലുള്ള ലോഗോകള്‍ തങ്ങളുടെ ഹോം പേജില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. രാഷ്ട്രീയവും മതപരവുമായ വ്യക്തിത്വങ്ങളെ ഗൂഗിള്‍ ഡൂഡിലുകളില്‍ ഉള്‍പ്പെടുത്താറില്ല.
1978-ല്‍ കൊറിയയില്‍ ജനിച്ച ഡെന്നിസ്, ഗൂഗിളില്‍ ഇന്റര്‍നാണല്‍ വെബ്മാസ്റ്റര്‍ എന്ന പദവിയാണ് വഹിക്കുന്നത്. ഇതിനിടയിലാണ് അദ്ദേഹം ലോഗോകളും രൂപകല്‍പന ചെയ്യുന്നത്. വര്‍ഷത്തില്‍ അമ്പതിലധികം ഡൂഡിലുകളാണ് ഡെന്നിസ് രൂപകല്‍പന ചെയ്യുന്നത്. അങ്ങനെ, വ്യക്തി എന്ന നിലയില്‍ ആരും അറിയാത്ത എറ്റവും പ്രശസ്തനായ ഒരു കലാകാരനാവുകയാണ് ഡെന്നിസ്. ഗ്യാലറികളിലോ മ്യൂസിയങ്ങളിലോ സൂക്ഷിക്കപ്പെടാത്ത ഇദ്ദേഹത്തിന്റെ രചനകള്‍ കോടിക്കണക്കിനു തവണയാണ് ലോകം കണ്ടിട്ടുള്ളത്. (കാണുക: ഗൂഗിള്‍ ലോഗോകളുടെ പേജ്, പ്രശസ്തമായ ഗൂഗിള്‍ ഡൂഡിലുകള്‍).